Sauditimesonline

watches

അധ്യാപകര്‍ക്ക് മടങ്ങാം; ഇന്ത്യയിലുളള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേക വിമാനം

റിയാദ്: വിദേശത്തുളള അധ്യാപകരെ സൗദി അറേബ്യയിലേക്ക് മടക്കി കൊണ്ടുവരാന്‍ ശ്രമം തുടങ്ങി. സ്വകാര്യ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളെയാണ് മടക്കി കൊണ്ടുവരുന്നത്. കൊവിഡിന്റെ പശ്ചാത്താലത്തില്‍ സൗദിയിലേക്കും വിദേശത്തേക്കും യാത്രക്കു അനുമതി നല്‍കുന്ന പ്രത്യേക സമിതിയാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്ക് മടങ്ങിവരാമെന്ന് അറിയിച്ചത്.

രാജ്യത്തേക്ക് യാത്ര ചെയ്യുന്ന അധ്യാപകര്‍ 48 മണിക്കൂര്‍ മുമ്പ് പി.സി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. രാജ്യത്തെത്തിയാല്‍ ക്വാറന്റൈന്‍ കലാവധി പൂര്‍ത്തിയാക്കുകയും വേണം.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനുളള ഒരുക്കത്തിലാണ് രാജ്യം. സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ വിദേശികളായ അധ്യാപകരെ മടക്കിയെത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മടക്കയാത്രക്കു വിദേശങ്ങളിലെ സൗദി കോണ്‍സുലേറ്റുകളെ സമീപിക്കണമെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൗദിയുടെ അതിര്‍ത്തി ചെക് പോസ്റ്റുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ഭാഗികമായി തുറന്നിരുന്നു. അയല്‍ രാജ്യങ്ങളില്‍ നിന്നുളള അധ്യാപകര്‍ക്ക് റോഡ് മാര്‍ഗം മടങ്ങിയെത്താന്‍ കഴിയും. അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള രാജ്യങ്ങളിലുളള അധ്യാപകരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തി അഞ്ഞൂറിലധികം ഇന്ത്യക്കാരെ നേരത്തെ പ്രത്യേക വിമാനത്തില്‍ സൗദിയിലെത്തിച്ചിരുന്നു.

അതിനിടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അയല്‍രാജ്യങ്ങളില്‍ നിന്നു മടങ്ങിവരാന്‍ അനുമതി നല്‍കി. അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി റോഡ് മാര്‍ഗം സൗദിയിലെത്താന്‍ പാസ്‌പോര്‍ട് ഡയറക്ടറേറ്റ് ആണ് അനുമതി നല്‍കിയത്. ഇതേ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇന്ത്യയിലുളള ഗാര്‍ഹിക തൊഴിലാളികളെ ന്യൂദല്‍ഹിയില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനത്തില്‍ അടുത്ത ആഴ്ച സൗദിയിലെത്തിക്കുമെന്ന് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top