Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ബില്‍കീസ് ബാനു വിധി നീതി പീഠത്തിന്റെ അന്തസ്സുയര്‍ത്തി

റിയാദ്: ബില്‍ക്കീസ് ബാനു വിധി ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ സ്വീകരിച്ച പക്ഷപാതപരമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്നും റിയാദ് മലപ്പുറം ജില്ല കെഎംസിസി. ബില്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികളെ വിട്ടയച്ചത് ഗുജറാത്ത് സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലിലൂടെയാണെന്നും സുപ്രീം കോടതി വിധിയോടെ രാജ്യം ഭരിക്കുന്ന മോദിയുടെ തനിരൂപം പുറത്തായിരിക്കുന്നുവെന്നും യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളുകയും കുറ്റവാളികളോട് രണ്ടാഴ്ചക്കുള്ളില്‍ ജയിലിലേക്ക് പോകാന്‍ ഉത്തരവിട്ടതും ആശാവഹമാണ്.

പ്രതികളെ രക്ഷപ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ എടുത്തു പറഞ്ഞുള്ള വിധി രാജ്യം ഭരിക്കുന്ന മോദിയുടെ സ്വന്തം സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള സ്ഥിതി പുറത്ത്‌കൊണ്ട് വരുന്നതാണെന്നും പ്രമേയത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ല കെഎംസിസി പ്രസിഡന്റ് ഷൗക്കത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി ചെയര്‍മാന്‍ ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ ഉല്‍ഘാടനം ചെയ്തു . ഓര്‍ഗനൈസിംഗ് സെക്രട്ടറി മുനീര്‍ മക്കാനി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തില്‍ നിരപരാധിയായ ഒരു സ്ത്രീയെ കൂട്ടം ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഏത് മനസികാവസ്ഥയിലുള്ളവരാകും എന്നു ചിന്തിക്കാന്‍ കഴിയുന്നതാണ്. ഇത്തരക്കാര്‍ രാജ്യ ഭരണത്തിന്റെ തലപ്പത്തു വന്നത് ഈ നാടിന്റെ ഗതികേടാണ്. ഇത്തരക്കാര്‍ അധികാരവും ഭരണവും ഉപയോഗിച്ച് കോടതി വിധികളെപ്പോലും അട്ടിമറിക്കുന്നു എന്നത് രാജ്യത്ത് അപകടകരമായ സാഹചര്യം ഉണ്ടായിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപെട്ടു.

ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ മുനീര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ മജീദ് മണ്ണാര്‍മല, നൗഫല്‍ താനൂര്‍, ഷകീല്‍ തിരൂര്‍ക്കാട്,ഫസല്‍ പൊന്നാനി, അര്‍ഷദ് തങ്ങള്‍, മൊയ്ദീന്‍ കുട്ടി പൊന്മള,റഫീഖ് ഹസന്‍ വെട്ടത്തൂര്‍, റഫീഖ് ചെറുമുക്ക്, ഇസ്മായില്‍ ഓവുങ്ങല്‍,സഫീര്‍ ഖാന്‍ കരുവാരക്കുണ്ട്, യൂനുസ് നാണത്, ഷബീറലി പള്ളിക്കല്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top