റിയാദ്: ഇന്നലെ വിടപറഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ സത്താര്‍ കായംകുള(56)ത്തിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കാന്‍ സഹപ്രവര്‍ത്തകരും കായംകുളം പ്രവാസി അസോസിയേഷന്‍ കൃപയും ശ്രമം തുടങ്ങി. ഇന്ത്യന്‍ എംബസി, ആരോഗ്യ മന്ത്രാലയം, പൊലീസ് എന്നിവിടങ്ങളില്‍ നിന്നുളള ക്ലിയറന്‍സ് രേഖ ലഭിച്ചാല്‍ ഇന്നുതന്നെ മൃതദേഹം എംബാം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നവംബര്‍ 16 വ്യാഴം രാത്രി 10.30നുളള റിയാദ്-കൊളംബേിാ-കൊച്ചി വിമാനാത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുകയാണ് ലക്ഷ്യം. വെളളി ഉച്ചയോടെ മയ്യത്ത് നാട്ടില്‍ ഖബറടക്കാന്‍ കഴിയുന്ന വിധമാണ് തയ്യാറെടുപ്പുകള്‍ നടക്കുന്നത്.
ഷിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാന്‍, എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, കൃപ ഭാരവാഹികള്‍ എന്നിവര്‍ സാഹായവുമായി രംഗത്തുണ്ട്. ഇന്നു രാത്രി മൃതദേഹം നാട്ടിലേക്ക് വിടാന്‍ രേഖകള്‍ തയ്യാറായാല്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിക്ക് സമീപമുളള മസ്ജിദില്‍ അസറിനു ശേഷം മയ്യിത്ത് നമസ്‌കാരം നടത്താനാണ് ആലോചന.
പക്ഷാഘാതത്തെ തുടര്‍ന്ന് ജൂലൈ 26ന് ആണ് സത്താര്‍ കായംകുളം ശുമൈസി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. വിദഗ്ദ ചികിത്സക്ക് നവംബര്‍ 18ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഫൈനല്‍ എക്‌സിറ്റും സൗദി എയര്‍ലൈന്‍സില്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങളും ഒരുക്കിയിരുന്നു. അതിനിടെയാണ് ബ്‌ളഡ് പ്രഷര്‍ കുറഞ്ഞ അപ്രതീക്ഷിത മരണം.
ഒഐസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി, എന്‍ആര്‍കെ ഫോറം വൈസ് ചെയര്‍മാന്‍, ഫോര്‍ക്ക ചെയര്‍മാന്‍, എംഇഎസ് റിയാദ് ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങി റിയാദിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു സത്താര്‍ കായംകുളം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.