റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രമ്പ് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആശുപത്രിയില്‍ കഴിയുന്ന ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളള്‍ അന്വേഷിച്ച പ്രസിഡന്റ് രാജാവിന് ആശംസകളും അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ആരോഗ്യ വിവരങ്ങളും സമകാലിക സംഭവ വികാസങ്ങളും പ്രസിഡന്റും കിരീടാവകാശിയും ചര്‍ച്ച ചെയ്തു. രാജാവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രമ്പ് ആശംസിച്ചു.
ഈ മാസം 20ന് ആണ് ഭരണാധികാരി സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിത്തസഞ്ചി വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. രാജാവിന്റെ ശസ്ത്രക്രിയ വിജയകരമാണ്. ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ കോര്‍ട് അറിയിച്ചു.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ ദൈവത്തെ സതുതിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മന്ത്രിമാരും രാജകുടുംബാംഗങ്ങളും സന്തോഷം പങ്കുവെക്കുകയും രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വിവിധ പ്രവിശ്യാ ഗവര്‍ണര്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ യൂസഫ് അല്‍ ഉസൈമീന്‍ തുടങ്ങി പ്രമുഖരും രാജാവിന് ആശംസകള്‍ നേര്‍ന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.