
റിയാദ്: വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട സര്‍വീസ് സൗദിയില്‍ നിന്നു ആരംഭിച്ചു. ഇന്ത്യയിലേക്ക് 42 സര്‍വീസുകളുണ്ടെങ്കിലും റിയാദില്‍ നിന്നു സര്‍വീസ് ഇല്ലാത്തത് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി. സൗദി അറേബ്യയിലെ മധ്യ പ്രവിശ്യയിലും പരിസര നഗരങ്ങളിലുമുളളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയാണ്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നു വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ 24 സര്‍വീസുകള്‍ കേരളത്തിലേക്ക് ഉണ്ടെങ്കിലും റിയാദിനെ പരിഗണിക്കാത്തതില്‍ നിരാശയിലാണ് പ്രവാസികള്‍.
നാലാം ഘട്ട വന്ദേ ഭാരത് മിഷന്‍ സര്‍വീസ് ആഗസ്ത് ഒന്നുവരെയാണ് ഷെഡ്യൂള്‍ ചെയ്തിട്ടുളളത്. റിയാദിന്റെ സമീപ പ്രദേശങ്ങളായ ബുറൈദ, അല്‍ ഖസിം, അല്‍ റാസ്, മജ്മ, അല്‍ സുല്‍ഫി, അല്‍ ഹരീഖ്, ഹോത ബനീ തമീം, അല്‍ ഖര്‍ജ് എന്നിവിടങ്ങളിലുളള നൂറുകണക്കിന് മലയാളികള്‍ക്ക് കേരളത്തിലേക്ക് സര്‍വീസ് ഇല്ലാത്തത് തിരിച്ചടിയാകും. അതേസമയം റിയാദ് എയര്‍പോര്‍ട്ടിലെ ഒന്നാം നമ്പര്‍ ടെര്‍മിനല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിരിക്കുകയാണ്. ഇതാണ് വന്ദേ ഭാരത് മിഷന്‍ സര്‍വീസ് ഇല്ലാത്തതിന് കാരണമെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ ടെര്‍മിനല്‍ രണ്ടില്‍ നിന്നും കേരളം ഉള്‍പ്പെടെ ഇന്ത്യയിലേക്ക് ചാര്‍ട്ടര്‍ വിമാനം റിയാദില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
