റിയാദ്: വരുന്ന ഒന്നര നൂറ്റാണ്ടില്‍ നഗരങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യാമെന്നും മികച്ച സമൂഹിക ഘടന സൃഷ്ടിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ സയന്‍സും ഉപയോഗിക്കാന്‍ കഴിയും. ഇതിനുളള ഉദാഹരണമാണ് കിരീടാവകാശി പ്രഖ്യാപിച്ച ദി ലൈന്‍ പദ്ധതിയെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു.
റിയാദില്‍ ആരംഭിച്ച ത്രിദിന ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം, ഊര്‍ജം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ കൃത്രിമ ബുദ്ധിക്ക് ശ്രദ്ധേയമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സൗദി അറാംകോ നേരിടുന്ന ഏറ്റവും വലിയ ഭീഷണി സൈബര്‍ ആക്രമണമാണെന്ന് കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ അമീന്‍ അല്‍ നാസിര്‍ പറഞ്ഞു. ഇത്തരം ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സൗദി അറാംകോ കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് തദ്ദേശിയരായ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കും. ഇതിന് ഗ്ലോബല്‍ കോറിഡോര്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതി അറാംകോ നടപ്പാക്കും. പ്രകൃതി ദുരന്തങ്ങള്‍ പോലെയാണ് സൈബര്‍ ആക്രമണങ്ങള്‍. ആക്രമണത്തിന്റെ തീവ്രതയും രീതിയും മാറുന്ന സാഹചര്യത്തില്‍ കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തി പ്രതിരോധത്തിന് കഴിയുമെന്ന അമീന്‍ അല്‍നാസിര്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.