ഓണാഘോഷത്തിനൊരുങ്ങി റിയാദ്; ‘ഫോര്‍ക്ക’യുടെ ഉത്രാടപ്പാച്ചില്‍
റിയാദ്: പ്രവാസലോകത്ത് ഓണപ്പൂവിളി ഉണര്‍ത്തി റിയാദിലെ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ‘ഫോര്‍ക്ക’ ആഘോഷപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ‘ഉത്രാടപ്പാച്ചില്‍’ പരിപാടി ഓഗസ്റ്റ് 25ന് വൈകിട്ട് 7ന് മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തനിമ ചോരാത്ത നാടന്‍ ഓണക്കാഴ്ചകളും വിപണിയുടെ തിരക്കും പ്രവാസ മണ്ണിലേക്ക് പുനരാവിഷ്‌കരിക്കുന്നതാണ് പരിപാടി. തിരുവോണത്തെ വരവേല്‍ക്കാന്‍ ഉത്രാടനാളില്‍ ഗ്രാമാന്തരങ്ങളില്‍ മലയാളി നടത്തുന്ന അവസാനവട്ട നെട്ടോട്ടത്തിന്റെയും തിരക്കിന്റെയും ഓര്‍മ്മകള്‍ പ്രവാസികള്‍ക്കായി വേദിയില്‍ പുനരാവിഷ്‌കരിക്കും. മുന്‍വര്‍ഷത്തെക്കാള്‍ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക കാഴ്ചകളോടെയാണ് ഇത്തവണ പരിപാടി അവതരിപ്പിക്കുന്നത്.














