സേവ്‌ റഹീം നിധിയിലേയ്ക്ക് ‘കോഴിക്കോടന്‍സ്’ 34 ലക്ഷം സംഭാവന നല്‍കും

റിയാദ്: അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ദിയാ ധനം സമാഹരിക്കാന്‍ ‘കോഴിക്കോടന്‍സ്’ ക്യാമ്പൈന്‍. 34 കോടി രൂപയാണ് ദിയാ ധനം ആവശ്യമുളളത്. ഇതിന്റെ ഒരു ശതമാനം 34 ലക്ഷം രൂപ സമാഹരിക്കാനുളള ഒരുക്കത്തിലാണ് റിയാദിലെ കോഴിക്കോട് കൂട്ടായ്മ കോഴിക്കോടന്‍സ്. (Watch Video https://youtu.be/59tIeZGcoEM )

സേവ് അബ്ദുറഹീം ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് കൂട്ടായ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് 34 ലക്ഷമായി ഉയര്‍ത്തി റഹീമിന്റെ മോചനത്തിന് പരമാവധി സംഭാവന സമാഹരിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇത് ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണുളളതെന്ന് കേഴിക്കോടന്‍സ് സിഇഒ റാഫി കൊയിലാണ്ടി സൗദിടൈംസിനോടു പറഞ്ഞു.

കോഴിക്കോടന്‍സ് മുന്‍ സിഇഒമാരായ മോഹിയുദ്ദീന്‍ ഷഹീര്‍, മുജീബ് മൂത്താട്ട്, ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍, മുനീബ് പാഴൂര്‍, ഹസ്സന്‍ ഹര്‍ഷാദ് ഫാറൂഖ്, അഷ്‌റഫ് വേങ്ങാട്ട്, വികെകെ അബ്ബാസ്‌
എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം ഏകോപിപ്പിക്കുന്നത്. നേരത്തെ കോഴിക്കോടന്‍സ് ഡയാലിസിസ് മെഷീനുകള്‍ വിതരണം ചെയ്തും മാതൃക കാട്ടിയിരുന്നു,.

കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിന് റിയാദിലെ റഹീം നിയമ സഹായ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഏരിയകളില്‍ ധനസമാഹരണത്തിന് പ്രചാരണം നടത്തുന്നുണ്ട്.

ഹൗസ് ഡ്രൈവറായിരുന്ന അബ്ദു റഹിം ഓടിച്ചിരുന്ന കാറില്‍ ഭിന്നശേഷിക്കാരന്‍ അബദ്ധത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2006 നവംബര്‍ 26ന് ആണ്. കേസില്‍ പ്രതിയായ റഹിം 18 വര്‍ഷമായി തടവില്‍ കഴിയുകയാണ്. വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതികളും ശരിവെച്ചു. ഇതിനിടെയാണ് ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ ബാലന്റെ കുടുംബം സന്നദ്ധത അറിയിച്ചത്. ഇതോടെയാണ് സൗദിയിലും കേരളത്തിലും റഹീം സഹായ സമിതി ധനസമാഹരണം ആരംഭിച്ചത്. റിയാദിലെ ഇഫ്താര്‍ വിരുന്നുകളിലും മലയാളി ഉംറ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന ബസ്സുകളിലും റഹീം സഹായ നിധി ലക്ഷ്യംകാണാന്‍ വളന്റിയര്‍മാര്‍ രംഗത്തുണ്ട്.

 

Leave a Reply