റിയാദ്: ലബനണില്‍ നിന്നുളള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഏപ്രില്‍ 25 രാവിലെ 9 മുതല്‍ നിരോധനം ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഴങ്ങള്‍ കയറ്റി വരുന്ന ട്രക്കുകള്‍ വഴി മയക്കമരുന്ന് കടത്ത് വ്യാപകമായതോടെയാണ് ലബനോണില്‍ നിന്നുളള ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലബനോണില്‍ നിന്ന് വന്‍തോതില്‍ പഴങ്ങളും പച്ചക്കറികളും സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ കര മാര്‍ഗം സൗദിയിലൂടെ അയല്‍ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.. വര്‍ഷം ശരാശരി 20 മില്യണ്‍ ഡോളറിന്റെ പഴങ്ങളും പച്ചക്കറികളുമാണ് ലബനണ്‍ സൗദിയിലേക്ക് കയറ്റി അയക്കുന്നത്. ഉറുമാന്‍പഴത്തിന്റെ കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ ലഹരി ഗുളികകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന ട്രക്കുകളില്‍ മയക്കു മരുന്ന് കടത്തുന്നില്ലെന്ന് ലബനോണ്‍ ഉറപ്പുവരുത്തുന്നതുവരെ നിരോധനം തുടരും. രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും സുരക്ഷയും സുപ്രധാനമാണ്. സൗദിയിലെത്തുന്ന മയക്കു മരുന്നുകള്‍ ഇതിന് ദോഷകരമാണ്. ഈ സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.